കൊല്ലത്ത് 24കാരിയെ അയല്‍വാസി കുത്തിക്കൊന്നു
കൊല്ലം: മലിനജലം ഒഴുക്കുന്നത് ചോദ്യം ചെയ്തതിൽ പ്രകോപിതനായി യുവതിയെ കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി അഭിരാമിയാണ് (24) മരിച്ചത്. അയല്‍വാസിയായ ഉമേഷ് ബാബു എന്നയാളാണ് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. ഇതിനിടെ പരിക്കേറ്റ പ്രതിയെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മലിന ജലം ഒഴുക്കുന്നതിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉമേഷ് ബാബുവിന്റെ വീട്ടില്‍ നിന്നുള്ള മലിനജലം അഭിരാമിയുടെ വീട്ടിനു മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി. ഇതു സംബന്ധിച്ച് നേരത്തെ തന്നെ കേസ് നിലനിൽക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ചർച്ചയ്ക്ക് വിളിക്കുകയും കാര്യങ്ങൾ അനുരഞ്ജനത്തിലെത്തിച്ച് ഇരുകൂട്ടരെയും തിരികെ അയക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇന്നലെ വീണ്ടും മലിനജലം ഒഴുക്കുന്നതിന്റെ പേരിൽ വാക്കേറ്റമുണ്ടായി. പിന്നാലെ രാത്രി പതിനൊന്നരയോടെ ഉമേഷ് ബാബു കത്തിയുമായി എത്തി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. കുത്തേറ്റ പെൺകുട്ടി തല്‍ക്ഷണം മരിച്ചു. പെൺകുട്ടിയുടെ അമ്മ ലീനയെയും പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു. ലീന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments
Post a Comment