ഭൂമിയിൽ കോവിഡ് ഇല്ലാത്ത ഒരേയൊരു ഭൂഖണ്ഡം; അതേപടി നിലനിർത്താൻ ഒരുങ്ങി ഗവേഷകർ!

 


മാസങ്ങളായി ലോകത്തെ മുഴുവൻ  ഭീഷണിയിലാക്കിയിരിക്കുന്ന കോവിഡ് വ്യാപനത്തിന് ഇനിയും അവസാനമായിട്ടില്ല. രോഗവ്യാപനം തടയാൻ ഭരണകൂടങ്ങൾ സാധ്യമായ എല്ലാ മാർഗങ്ങളും അവലംബിക്കുന്നുണ്ട്. എന്നാൽ ഇതിനിടെ ഇതുവരെയും കോവിഡിനു സാന്നിധ്യമറിയിക്കാൻ കഴിയാത്ത ഒരു പ്രദേശമുണ്ട് ഭൂമിയിൽ. അന്റാർട്ടിക്കൻ ഭൂഖണ്ഡം. ഇപ്പോൾ അന്റാട്ടിക്കയെ കോവിഡ് ബാധിക്കാത്ത പ്രദേശമായി നിലനിർത്താൻ പദ്ധതികൾ ആവിഷ്ക്കരിക്കുകയാണ് ഗവേഷകർ.

വൈറസ് ബാധയെ തുടർന്ന് അന്റാർട്ടിക്കയിൽ നടക്കുന്ന എല്ലാ ശാസ്ത്രപരീക്ഷണങ്ങളും നിലവിൽ തടസ്സപ്പെട്ട നിലയിലാണ്. ഇതു മൂലം അന്റാർട്ടിക്കയിലെ മഞ്ഞുരുക്കത്തെക്കുറിച്ചും കാലാവസ്ഥയെക്കറിച്ചുമുള്ള വിവരങ്ങൾ ഒന്നും കൃത്യമായി ശേഖരിക്കുന്നതിന് ഗവേഷകർക്ക് സാധിക്കുന്നില്ല. ഭൂമിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള  പൂർണമായ പഠനത്തിന് അന്റാർട്ടിക്കയിൽ അന്റാർട്ടിക്കയിൽ നിന്നുള വിവരശേഖരണം സുപ്രധാനമാണെന്നിരിക്കെ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കി ഒരുകൂട്ടം ഗവേഷകരെ അന്റാർട്ടിക്കയിലേക്കയക്കാനാണ് ഇപ്പോഴത്തെ നീക്കം.




സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 40 അംഗ ഗവേഷക സംഘമാണ് അന്റാർട്ടിക്കയിലേക്ക് യാത്ര തിരിക്കുന്നത്. നവംബർ അഞ്ചിന് ഹാർവിച്ചിൽ നിന്നും ഗവേഷണ കപ്പലായ ജെയിംസ് ക്ലാർക്ക് റോസിലാണ്  ഗവേഷക സംഘത്തിന്റെ യാത്ര. സാധാരണയിലധികം സുരക്ഷാ   മുൻകരുതലുകളോടെയുള്ള ക്വാറന്റീൻ കഴിഞ്ഞതിനു ശേഷമാണ് ഗവേഷകർ യാത്ര തിരിക്കുന്നത്. കാലാവസ്ഥാ വിവര ശേഖരണവും നിരീക്ഷണവും വന്യജീവിസമ്പത്തിനെക്കുറിച്ചുള്ള കണക്കുകളും കൃത്യമായി നിലനിർത്തുന്നതിന് നേരിട്ടുള്ള പഠനങ്ങൾ അനിവാര്യമായതിനാലാണ് കോവിഡ് ആശങ്കകൾ ഒഴിവാക്കി ഗവേഷക സംഘത്തെ അന്റാർട്ടിക്കയിലേക്ക് അയക്കുന്നതെന്ന്  ബ്രിട്ടിഷ് അന്റാർട്ടിക്ക സർവേയുടെ ഡയറക്ടറായ ജെയിൻ ഫ്രാൻസിസ് പറയുന്നു. ടെക്നീഷ്യന്മാർ, ഡൈവർമാർ, ഗൈഡുകൾ എന്നിവരും ഗവേഷക സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 



കൊറോണാവൈറസ് അന്റാർട്ടിക്കയിൽ സാന്നിധ്യം അറിയിക്കാതെ തടയുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് പോളാർ  സർവേകൾക്ക് നേതൃത്വം നൽകുന്ന ജോൺ  ഈഗർ പറയുന്നു. ഇത് ഉറപ്പുവരുത്തുന്നതിന് പൂർണ ആരോഗ്യമുള്ള അംഗങ്ങളെ മാത്രമാണ് അന്റാർട്ടിക്കയിലേക്ക് അയക്കുന്നത്. ഇതിനുപുറമേ ഹാർവിച്ചിൽ നിന്ന് യാത്രതിരിക്കുന്ന ഗവേഷണ കപ്പൽ അന്റാർട്ടിക്കയിൽ അല്ലാതെ മറ്റൊരു തുറമുഖത്തും  അടുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


Comments